ചോറ്,ചപ്പാത്തി, പത്തിരി, പുട്ട് എന്നിവയുടെ കൂടെ കഴിക്കാൻ നല്ല കോമ്പിനേഷനാണ് മുട്ടക്കറി. മുട്ട റോസ്റ്റായും തേങ്ങാപ്പാൽ ഒഴിച്ചും മസാലകറിയായും സാധാരണ വീട്ടമ്മമാർ ഉണ്ടാകാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കുരുമുളകിട്ട് മസാലയിൽ ഒരു മുട്ട കറി തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ മൂന്ന് ടീസ്പൂൺ കുരുമുളക് ഒരു ഗ്ലാസ് വെള്ളവും ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക.
കുരുമുളക് നന്നായി വെന്തു വന്നതിനുശേഷം ഇറക്കിവെച്ച് കുരുമുളക് നന്നായി അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന്ന് ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം 3 വലിയ സവാള ചെറുതായി അരിഞ്ഞത്, 3 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. സവാള വഴന്നു വന്നതിനുശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം കറിക്ക് ആവശ്യമായ മല്ലിയില അരച്ച് ചേർക്കുക.
മല്ലിയിലയുടെ പച്ചമണം എല്ലാം മാറുന്നതുവരെ വഴറ്റിയെടുക്കുക. അതിനുശേഷം അരച്ചു വച്ചിരിക്കുന്ന കുരുമുളക് ചേർത്ത് കൊടുക്കുക. നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് 5 തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം അരടീസ്പൂൺ മഞ്ഞൾപൊടി ചേർത്ത് വഴറ്റുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് തക്കാളി നല്ലപോലെ വേവിക്കുക.
തക്കാളി നന്നായി വെന്തു ഉടഞ്ഞതിനുശേഷം നന്നായി കുറുക്കിയെടുക്കുക. അതിനുശേഷം അര ടീസ്പൂൺ ഗരം മസാല ചേർത്ത് കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിക്കുക. ശേഷം പുഴുങ്ങിയെടുത്ത മുട്ട ഓരോന്നായി കറിയിലേക്ക് ഇട്ടു കൊടുക്കുക. ശേഷം ഒരു അഞ്ചു മിനിറ്റ് വേവിക്കുക. എണ്ണ എല്ലാം തെളിഞ്ഞു വന്നതിനുശേഷം കറി ഇറക്കി വെക്കാം. വ്യത്യസ്തമായ രീതിയിൽ കുരുമുളകിട്ട മുട്ടക്കറി ഈ രീതിയിൽ ഇന്നു തന്നെ തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.