രാവിലെ എന്തെളുപ്പം. ബ്രേക്ക് ഫാസ്റ്റിനു കൂടെ കഴിക്കാൻ കുക്കറിൽ എളുപ്പത്തിൽ ഒരു വെജിറ്റബിൾ കുറുമ തയ്യാറാക്കാം. | Easy Side Dish

ചപ്പാത്തി, പത്തിരി, ദോശ എന്നിവയ്ക്കൊപ്പം കഴിക്കാൻ നല്ല കോമ്പിനേഷനാണ് വെജിറ്റബിൾ കുറുമ. കുറഞ്ഞ സമയം കൊണ്ട് കുക്കറിൽ വളരെ പെട്ടെന്ന് തന്നെ കുറുമ തയ്യാറാക്കി എടുക്കാം. ജോലിക്ക് പോകുന്ന വീട്ടമ്മമാരെ സംബന്ധിച്ച് ഇതുപോലൊരു കുറുമ വളരെയധികം ഉപകാരപ്പെടും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കുക്കറിൽ രണ്ട് ടീസ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നെയ്യും കൂടി ചേർക്കുക.

അതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം ചേർത്ത് പൊട്ടിച്ച് എരുവിന് ആവശ്യമായ പച്ചമുളക്, നാലു വറ്റൽമുളക്, ആവശ്യത്തിന് കറിവേപ്പില, ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. സവാള വഴന്നു വന്നതിനുശേഷം ഒരു ഉരുളക്കിഴങ്ങ് ചെറുതായി മുറിച്ചത്, ഒരു കാരറ്റ് ചെറുതായി അരിഞ്ഞത്, കുറച്ച് ബീൻസ് എന്നിവ ചേർത്ത് ഇളക്കിയോജിപ്പിക്കുക.

അതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി ഇട്ട് നന്നായി ഇളക്കി കൊടുക്കുക. ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കുക. അതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് ഇളക്കി കുക്കർ അടച്ചു വെച്ച് ഒരു വിസിൽ വരുന്നത് വരെ കാത്തിരിക്കുക. ഇതേസമയം കറിക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം. അതിനായി മുക്കാൽ കപ്പ് തേങ്ങ, 10 കുതിർത്ത കശുവണ്ടി എന്നിവ ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.

അടുത്തതായി പച്ചക്കറികളെല്ലാം വെന്തു വന്നതിനുശേഷം തയ്യാറാക്കിവെച്ച അരപ്പ് ചേർക്കുക. ആവശ്യമെങ്കിൽ കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു വന്നതിനുശേഷം അര സ്പൂൺ കുരുമുളകുപൊടി കാൽ ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് ഇളക്കി കൊടുക്കുക. ശേഷം ആവശ്യത്തിന് മല്ലിയിലയും ചേർത്ത് ഇറക്കി വെക്കാം. വളരെ രുചികരമായ വെജിറ്റബിൾ കുറുമ ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.