രുചികരവും വ്യത്യസ്തവുമായ നാലുമണി പലഹാരങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാം. കുട്ടികളോ മുതിർന്നവരോ ഏതുതരം പ്രായക്കാർക്കും ഒരുപോലെ ഇഷ്ടമുള്ള ഭക്ഷണമാണ് നാലുമണി പലഹാരങ്ങൾ. നാലുമണി പലഹാരങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് മുട്ട കൊണ്ട് ഒരു പുതിയ പലഹാരം തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം. അതിനായി ആദ്യം തന്നെ അഞ്ച് മുട്ട എടുത്തു പൊട്ടിച്ച് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ആവശ്യത്തിനു കുരുമുളകും ചേർത്ത് നന്നായി ഇളക്കുക.
നിങ്ങൾക്ക് ഇഷ്ടമുള്ള എണ്ണം മുട്ട എടുക്കാവുന്നതാണ്. അതിനുശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് ആവിയിൽ മുട്ട വേവിച്ചെടുക്കുക. മുട്ട നല്ലതുപോലെ വെന്തു വന്നതിനുശേഷം പുറത്തേക്കെടുത്തു ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ഒരു മുട്ട പൊട്ടിച്ച് ഇളക്കിവെക്കുക. അതുപോലെതന്നെ മറ്റൊരു പാത്രത്തിൽ രണ്ടു സ്പൂൺ ഗോതമ്പുപൊടി എടുക്കുക.
അതിലേക്ക് വറ്റൽ മുളക് ചതച്ചത്, കാൽ സ്പൂൺ മഞ്ഞൾ പൊടി,ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ഒരുപാട് ലൂസ് അല്ലാത്ത മാവ് തയ്യാറാക്കി എടുക്കുക.ഗോതമ്പുപൊടിക്ക് പകരം മൈദയോ കോൺഫ്ലവറോ ഉപയോഗിക്കാവുന്നതാണ്. അതുപോലെ മറ്റൊരു പാത്രത്തിൽ കുറച്ച് പൊടിച്ച ബ്രഡും എടുത്തുവയ്ക്കുക. അതിനുശേഷം മുറിച്ചു വച്ചിരിക്കുന്ന ഓരോ മുട്ടയും എടുത്ത് തയ്യാറാക്കിയ ഗോതമ്പു മാവിൽ മുക്കി അതിനുശേഷം മുട്ടയിൽ മുക്കി പൊടിച്ച ബ്രെഡിൽ പൊതിഞ്ഞെടുക്കുക.
പൊടിച്ച ബ്രഡിന് പകരമായി കോൺഫ്ളക്സ് പൊടിച്ചത് ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം ഒരു പാത്രത്തിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കി ഉണ്ടാക്കിയ ഓരോ മുട്ടയും എടുത്ത് എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറം ആയതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാവുന്നതാണ്. വളരെ രുചികരവും പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു നാലുമണി പലഹാരം ഈ രീതിയിൽ ഇന്നുതന്നെ ഉണ്ടാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.