മസാല ദോശ കഴിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. റസ്റ്റോറന്റിലും മറ്റും കിട്ടുന്ന നല്ല മൊരിഞ്ഞ മസാല ദോശ ഇനി വളരെ എളുപ്പത്തിൽ ആർക്കും തയ്യാറാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. ദോശ തയ്യാറാക്കാനുള്ള മാവ് റെഡിയാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് പച്ചരി, ഒരു കപ്പ് ഉഴുന്ന്, ഒരു ടീസ്പൂൺ ഉലുവ എന്നിവ ചേർക്കുന്നത് നല്ലതുപോലെ കഴുകിയെടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. എല്ലാം നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക.
ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി പൊന്താനായി മാറ്റിവയ്ക്കുക. ഇതേസമയം ദോശയ്ക്ക് ആവശ്യമായ മസാല തയ്യാറാക്കാം. അതിനായി ഒരു മൂന്നു ഉരുളൻ കിഴങ്ങ് പുഴുങ്ങിയെടുത്ത് നന്നായി ഉടച്ചെടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ കടുക്, ഒരു ടീസ്പൂൺ ഉഴുന്നുപരിപ്പ്, ഒരു ടീസ്പൂൺ കടലപ്പരിപ്പ് നല്ലതുപോലെ മൊരിയിച്ചെടുക്കുക. ശേഷം അതിലേക്ക് രണ്ടു വറ്റൽ മുളകും ആവശ്യത്തിന് കറിവേപ്പിലയും ഇട്ടുകൊടുക്കുക. അടുത്തതായി അര ടീസ്പൂൺ ഇഞ്ചി അരച്ചത്, ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് നല്ലതുപോലെ വഴറ്റി എടുക്കുക.
അതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയെടുക്കുക. സവാള വാടി വന്നതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ മുളകുപൊടി ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കിയെടുക്കുക ശേഷം അതിലേക്ക് എരുവിന് ആവശ്യമായ പച്ചമുളക് ഒരു നുള്ള് കായപ്പൊടി എന്നിവ ചേർത്ത് ഇളക്കുക. ശേഷം ഒരു കപ്പ് ക്യാരറ്റ് ചെറുതായി അരിഞ്ഞത് ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കാൻ വയ്ക്കുക.
വെള്ളമെല്ലാം വറ്റി കറി കുറുകി വരുമ്പോൾ അതിലേക്ക് പുഴുങ്ങിയെടുത്ത് മാറ്റിവെച്ച ഉരുളൻ കിഴങ്ങു ഇട്ട് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഇറക്കി വെക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിനുമാവ് വെച്ച് ദോശ ഉണ്ടാക്കുക. ദോശ നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ തയ്യാറാക്കിയ മസാല നടുവിലായി വെച്ചുകൊടുത്തു ദോശ മടക്കിയെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. എല്ലാവരും വളരെ രുചികരമായ ഈ മസാല ദോശ ഇന്ന് തന്നെ തയ്യാറാക്കി നോക്കുക.