ഇനി നല്ല അടിപൊളി റസ്റ്റോറന്റ് സ്റ്റൈലിൽ ഗോബി മഞ്ചൂരിയൻ കഴിക്കണോ. ഇങ്ങനെ ചെയ്താൽ മതി. | Crispy Gobi Manchurian

നല്ല മൊരിഞ്ഞ ഗോബി മഞ്ചൂരിയൻ കഴിക്കാൻ എല്ലാവരും റസ്റ്റോറന്റിൽ പോകാറുണ്ട്. വീട്ടിൽ എത്ര ഉണ്ടാക്കാൻ നോക്കിയാലും റസ്റ്റോറന്റ് ഉണ്ടാക്കുന്ന രുചിയിൽ കിട്ടാറില്ല. എന്നാൽ ഇനി ആ പ്രശ്നമില്ല. റസ്റ്റോറന്റ് സ്റ്റൈൽ ഗോബി മഞ്ചൂരിയൻ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം. അതിനായി ആദ്യം തന്നെ മൂന്ന് കപ്പ് കോളിഫ്ലവർ നന്നായി കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. വെന്തു വന്നതിനുശേഷം വെള്ളം എല്ലാം കളഞ്ഞു മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.

അതിനുശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, രണ്ട് ടീസ്പൂൺ കോൺഫ്ലവർ ഇനി എല്ലാം ചേർത്ത് കൈ കൊണ്ട് ഇളക്കിയോജിപ്പിക്കുക. അതിനുശേഷം പാത്രം മൂടിവച്ച് 15 മിനിറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കുക. അടുത്തതായി മറ്റൊരു പാത്രത്തിലേക്ക് അര കപ്പ് മൈദ ഇട്ട് കൊടുക്കുക, കാൽ കപ്പ് കോൺഫ്ളവർ , രണ്ടു ടീ സ്പൂൺ ഓയിൽ, ആവശ്യത്തിന് ഉപ്പ്, ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ശേഷം എടുത്തു വച്ചിരിക്കുന്ന കോളിഫ്ലവർ ഈ മാവിൽ മുക്കി ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാം. അടുത്തതായി അതിനാവശ്യമായ സോസ് തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് മൂന്ന് ടീസ്പൂൺ സോയസോസ്, രണ്ട് ടീസ്പൂൺ തക്കാളി സോസ്, ഒരു ടീസ്പൂൺ ചില്ലി സോസ്, ഒന്നര ടീസ്പൂൺ വിനിഗർ, ഒരു ടീസ്പൂൺ കോൺഫ്ലവർ, കാൽകപ്പ് വെള്ളം എന്നിവയെല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനു ശേഷം മറ്റൊരു അതിലേക്ക് മൂന്ന് ടീസ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക.

അതിലേക്ക് അരക്കപ്പ് സ്പ്രിംഗ് ഒനിയൻ, ഒരു കപ്പ് ക്യാപ്സിക്കം ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടിയും ചേർക്കുക. ശേഷം തയ്യാറാക്കി വെച്ച സോസ് ഒഴിച്ചു കൊടുക്കുക. നല്ലതുപോലെ കുറുകിവരുമ്പോൾ വറുത്തുവച്ചിരിക്കുന്ന കോളിഫ്ലവർ ഇട്ടുകൊടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.