തട്ടുകടയിലെ മൊരിഞ്ഞ പക്കോട സിമ്പിൾ ആയി വീട്ടിൽ ഉണ്ടാക്കാം. ഇനി കറുമുറെ കഴിക്കാം. | Simple pakkavada Recipe

തട്ടുകടയിൽ നിന്നും കിട്ടുന്ന മൊരിഞ്ഞ ഉള്ളി പക്കോട കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. തട്ടുകടയിലെ പക്കോട ഇനി വീട്ടിൽ ഉണ്ടാക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു വലിയ സവാള വളരെ ചെറുതായി അരിഞ്ഞെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർന്ന് വെക്കുക.

അതിലേക്ക് ചെറിയ കഷ്ണം ഇഞ്ചി ചെറുതായരിഞ്ഞത്, എരുവിന് ആവശ്യമായ പച്ചമുളക് ചെറുതായരിഞ്ഞത്, ഒരു തണ്ട് കറിവേപ്പില ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. കുട്ടികൾക്ക് തയ്യാറാക്കുകയാണെങ്കിൽ പച്ചമുളകിന്റെ അളവ് കുറച്ച് കുറയ്ക്കുക. അതിനുശേഷം അതിലേക്ക് ഒരു കപ്പ് കടലമാവ് ചേർത്ത് കൊടുക്കുക. 2 ടീസ്പൂൺ അരിപ്പൊടി ചേർത്ത് കൊടുക്കുക. അരിപ്പൊടി ചേർത്താൽ പക്കാവട വളരെയധികം കറുമുറാ കഴിക്കാൻ പറ്റും.

അതിലേക്ക് ആവശ്യത്തിന് ഉപ്പ് , ആവശ്യത്തിന് മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ടു നുള്ള് ബേക്കിംഗ് സോഡാ ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. ചെറുതായി ഉരുള ഉരുട്ടാൻ പാകത്തിൽ ഉള്ള മാവ് തയ്യാറാക്കുക. അതിനു ശേഷം ഒരു പാത്രം ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

അതിനുശേഷം തയ്യാറാക്കിയ മാവിൽ നിന്നും കുറച്ചു കുറച്ചായി എടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. അതിനുശേഷം നന്നായി മൊരിയിച്ചെടുക്കുക. പക്കോട മുങ്ങി കിടക്കുന്നതിനു ആവശ്യമായ വെളിച്ചെണ്ണ ഉണ്ടായിരിക്കണം. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കാം. നല്ല ചൂട് ചായക്കൊപ്പം കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.