വെള്ളകടല പലരീതിയിൽ കറി വെക്കുന്ന വീട്ടമ്മമാർ ഉണ്ട്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ വ്യത്യസ്തമായൊരു വെള്ള കടല കറി ഉണ്ടാക്കാം. ബ്രേക്ഫാസ്റ്റിന് അപ്പം, ചപ്പാത്തി, പത്തിരി ഇവയോടൊപ്പം കഴിക്കാവുന്ന രുചികരമായ ഒരു വെള്ളക്കടല സ്റ്റു ഉണ്ടാക്കി നോക്കാം. ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് ടീസ്പൂൺ കശുവണ്ടി, അര ടീസ്പൂൺ പെരുംജീരകം, അരക്കപ്പ് തേങ്ങ ചിരകിയത് ആവശ്യത്തിനു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
അതേസമയം അരക്കപ്പ് വെള്ളക്കടല, ഒരു ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞത്, ഒരു ക്യാരറ്റ് ചെറുതായരിഞ്ഞത്, ആവശ്യത്തിന് വെള്ളം ഒഴിച്ച് കുക്കറിൽ വേവിക്കാൻ വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം രണ്ട് ഏലക്കായ, മൂന്ന് നാല് ഗ്രാമ്പൂ, ചെറിയ കഷണം കറുവപ്പട്ട എന്നിവ ചേർത്ത് ചൂടാക്കുക.
അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത്, നാലു പച്ചമുളക്, ആവശ്യത്തിനു കറിവേപ്പില ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം വേവിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും കാരറ്റും കടലയും ഇട്ടുകൊടുത്തു ഇളക്കി കൊടുക്കുക.
കറി ഒന്ന് കുറുകി വന്നതിനുശേഷം അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് കൊടുക്കുക. ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർക്കുക. ശേഷം കറി കുറുക്കിയെടുക്കുക. ആവശ്യമെങ്കിൽ എരുവിന് കുരുമുളകുപൊടി ചേർക്കുക. കറി പാകമായാൽ ഇറക്കിവെക്കാം. സ്ഥിരം ഉണ്ടാകുന്നതിൽ നിന്നും വ്യത്യസ്തമായ ഒരു കടലക്കറി ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.