എല്ലാ വീടുകളിലും വീട്ടമ്മമാർ ചോറുണ്ണാൻ പലതരത്തിലുള്ള ചമ്മന്തികൾ ഉണ്ടാകാറുണ്ട്. വറുത്തരച്ചത്, ചുട്ടരച്ചത് തുടങ്ങി പെട്ടെന്ന് ഉണ്ടാക്കാൻ സാധിക്കുന്ന ഉള്ളി ചമ്മന്തി വരെ പൊതുവേ ഉണ്ടാകുന്ന ചമ്മന്തികളാണ്. എന്നാൽ ഇനിയൊരു ഉണക്കച്ചെമ്മീൻ വറുത്തത് കഴിച്ചു നോക്കാം. ഇത് തയ്യാറാക്കാൻ വളരെ കുറച്ച് സാധനങ്ങൾ മതി. അതുപോലെ വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാനും സാധിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ആവശ്യത്തിന് ഉണക്കച്ചെമ്മീൻ തലയും വാലും കളഞ്ഞ് വൃത്തിയാക്കി വെക്കുക. അതിനുശേഷം ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം വൃത്തിയാക്കി വച്ചിരിക്കുന്ന ഉണക്കചെമ്മീൻ വറുത്തെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ വറുത്തെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കുക.
ശേഷം അതേ എണ്ണയിലേക്ക് ഒരു കപ്പ് ഉള്ളി അരിഞ്ഞത് ഇട്ടു കൊടുക്കുക. ഉള്ളി നല്ലതുപോലെ വഴറ്റി എടുക്കുക. ഉള്ളി വഴന്നു വന്നതിനുശേഷം അതിലേക്ക് ചതച്ച വറ്റൽ മുളക് ഇട്ടു കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയുമിട്ട് ഇളക്കികൊടുക്കുക. അതിനുശേഷം എരുവ് നോക്കി ആവശ്യമായ മുളകുപൊടി ഇട്ട് കൊടുക്കുക. പൊടിയുടെ പച്ചമണം എല്ലാം മാറി വരുന്നതുവരെ നന്നായി ഇളക്കി കൊടുക്കുക.
പച്ചമണം എല്ലാം മാറി വന്നതിനുശേഷം വറുത്തുവച്ചിരിക്കുന്ന ചെമ്മീൻ ഇട്ട് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാവുന്നതാണ്. ചോറ്, ചപ്പാത്തി, ദോശ, കഞ്ഞി എന്നിവയ്ക്കൊപ്പം കഴിക്കാൻ നല്ല കോമ്പിനേഷനാണ് ഉണക്ക ചെമ്മീൻ വറുത്തത്. എല്ലാ വീട്ടമ്മമാരും ഇന്ന് തന്നെ ഉണ്ടാക്കിനോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.