മീൻകറിയിൽ ധാരാളമായി ഉപയോഗിച്ചുവരുന്ന പുളിയാണ് കുടംപുളി. കറിക്ക് വളരെയധികം രുചി കൂട്ടാൻ ഇതിനു കഴിയുന്നു. കുടംപുളി, തിണം പുളി, മീൻ പുളി, ഗോരക്ക പുളി, മര പുളി, തോട്ടു പുളി, പെരും പുളി എന്നിങ്ങനെ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഇതിന്റെ കായ്കൾ ആറോ എട്ടോ ഭാഗങ്ങളുമായി വിഭജിച്ചിരിക്കുന്നത് കാണാം. ഇതിനകത്ത് ആറോ എട്ടോ വിത്തുകളും കാണാം. കുടംപുളി ഔഷധമായും ഭക്ഷണമായും പരമ്പരാഗത കാലം മുതൽ ഉപയോഗിച്ചുവരുന്നു.
കുടംപുളിയുടെ തോടിൽ അമ്ളങ്ങൾ, ധാതുക്കൾ, മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ആയുർവേദത്തിൽ കഫം, അതിസാരം എന്നിവയ്ക്ക് ജാതിക്ക കൂട്ടി ഉപയോഗിക്കാറുണ്ട്. വാദത്തിന് നിർമ്മിക്കുന്ന ഔഷധത്തിനും കുടംപുളി ചേർക്കുന്നു. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും ഇത് ഗുണകരമാണ്. കുടമ്പുളി തിളപ്പിച്ച വെള്ളം വായിൽ കവിൾ കൊള്ളുന്നത് വായ് രോഗങ്ങൾക്ക് നല്ലതാണ്.
കുടംപുളിയുടെ വിത്തിൽ നിന്ന് ഉണ്ടാകുന്ന തൈലം കൈ കാലുകൾ വിണ്ടുകീറുന്നത് തടയാൻ ആയി ഉപയോഗിക്കുന്നു. ഈ തൈലം മോണയിലെ രക്തം വരുന്നത് തടയാൻ ഉപയോഗിക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന വീക്കം, കുത്തിനോവ് വേദന എന്നിവയ്ക്ക് കുടംപുളിയുടെ ഇല അരച്ച് കിഴിയായി ഉപയോഗിക്കാം. ത്വക്ക് രോഗങ്ങൾക്ക് കുടംപുളിയുടെ വേരിന്റെ മേൽ തൊലി അരച്ച് പുരട്ടാറുണ്ട്. പ്രമേഹ രോഗികൾ ദിവസവും കുടംപുളി കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറയാൻ സഹായിക്കുന്നു.
കുടംപുളി ഇട്ട വെള്ളം കുടിക്കുന്നത് വയറിന് വളരെയധികം നല്ലതാണ്. ഇത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. ഒരു കുടംപുളി മരത്തിന് നൂറു വർഷം വരെയാണ് ആയുസ്സ് ഉള്ളത്. മൂപ്പ് എത്തി മഞ്ഞനിറം ആയ കുടംപുളിയിലെ കുരു എല്ലാം നീക്കം ചെയ്തതിനുശേഷം വെയിലത്ത് വെച്ചോ പുക കൊള്ളിച്ചോ ഉണക്കിയെടുക്കാം. ഉണക്കിയെടുത്ത കുടംപുളിയെ ഉപ്പും വെളിച്ചെണ്ണയും ചേർത്ത് എത്രനാൾ വേണമെങ്കിലും സൂക്ഷിക്കാവുന്നതാണ്. കുടംപുളിക്ക് നല്ല മാർദ്ദവം ലഭിക്കുന്നതിനാണ് ഉപ്പും വെളിച്ചെണ്ണയും ചേർക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.